Kerala · 16 – 16 Jul 2026
Lighthouse
Our member Mathew chingavanam gifting his book to Pallikkonam Rajeev
Perumparayan Temple
Roots & Roads ന്റെ ജൂലൈ പതിനാറിനുള്ള വേമ്പനാട്ട് കായൽ പഠനയാത്രയിൽ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് കിട്ടി. വേമ്പനാട്ടുകായൽ എന്ന് പറയുമ്പോൾ നീലക്കൊടിവേലി ഒഴുകിയിരുന്ന മീനച്ചിലാറിന്റെ തീരത്ത് ജനിച്ചു വളർന്ന എനിക്ക് മീനച്ചിലാർ ഒഴുകി ചെല്ലുന്ന സ്ഥലം എന്നതാണ് മനസ്സിൽ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും കേരളത്തിലെ ഏറ്റവും വലിയ തടാകവും ഇതാണെന്ന് സ്കൂളിൽ പഠിച്ച ഓർമ്മ. ഇതായിരുന്നു എനിക്കറിയാവുന്ന വേമ്പനാട്ടുകായലിന്റെ ചരിത്രം. അതിലും ഒരുപാടൊരുപാടുണ്ടെന്ന് എന്ന് ഈ യാത്ര പഠിപ്പിച്ചു. രാവിലെ എട്ടരയ്ക്ക് കോടിമതയിൽ നിന്ന് യാത്ര തുടങ്ങി. കായൽ, ചിറ കെട്ടി കൃഷിക്കായി നിലമാക്കിയത് രാജീവ് സാർ വിശദമായി തന്നെ പറഞ്ഞു തന്നു.എം സി റോഡിന് സമാന്തരമായി ജലത്തിലൂടെ യാത്ര ചെയ്ത് അന്ത്യശ്വാസം വലിക്കുന്ന ട്രാവൻകൂർ സിമന്റ്സും കണ്ട് മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും സംഗമസ്ഥാനവും കണ്ടു.പടിഞ്ഞാറൻ മേഖലയിൽ ഒരു കോട്ടയുണ്ടായിരുന്നെന്നും അതിൻറെ അവസാന ഭാഗത്ത് ഇപ്പോൾ നിലനിൽക്കുന്ന മുത്തൻ മുത്തി (ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന) പാറയും കണ്ടു. ഈ കോട്ട എനിക്ക് വളരെ ഒരു അത്ഭുതമായിരുന്നു. തിരുവായ്ക്കരിപ്പാടശേഖരത്തിന് നടുവിൽ ഒരു ദ്വീപ് ഉണ്ടെന്നും അവിടെ വലിയവീട്ടിൽ ക്ഷേത്രവും അതിലെ ഒറ്റമൂലച്ചിയുടെ ചരിത്രവും അറിഞ്ഞു. ഞങ്ങളുടെ ബോട്ടിന്റെ സാരഥിയായ അശോകൻ ചേട്ടന് ഈ ക്ഷേത്രത്തിനെ കുറിച്ച് പറഞ്ഞപ്പോൾ 100 നാവായിരുന്നു. മീനച്ചിലാറിന്റെ പതനസ്ഥലമായ പഴുക്കാനിലക്കായലും ദിവാനായ സർ മാധവ് റാവു നിർമ്മിച്ച മൻറോ വിളക്കുമരവും അതിൻറെ ചരിത്രവും അറിഞ്ഞു.16km നേരെ പടിഞ്ഞാറു ആലപ്പുഴ വിളക്കുമരവും ഉണ്ട്. പുളിങ്കുന്നിനടുത്തുള്ള പെരുമ്പറയൻ സ്മാരകം പഴയ ഒരു അന്ധവിശ്വാസത്തിന്റെ സ്മാരകമായി ഇന്നും പരിചരിക്കുന്നു. സമാനമായ ഒരു കഥയെ ആസ്പദമാക്കി തന്റെ സ്വന്തം കവിത ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മാത്യു ചിങ്ങവനം സർ ചൊല്ലുകയും ചെയ്തു.പ്രധാനപ്പെട്ട കായൽ നിലങ്ങളും കണ്ട് ചിത്തിരക്കായലിൽ കൃഷിക്കാർക്ക് വേണ്ടി മുരിക്കൻ നിർമ്മിച്ച പള്ളിയും കണ്ട് ( ഇവിടെ ആരാധന ഇല്ല എങ്കിലും മെഴുകുതിരി കത്തിയിരിക്കുന്നത് കണ്ടു) മീനച്ചിലാർ പുത്തൻതോട് സംഗമസ്ഥാനവും കണ്ട് തിരിച്ച് അഞ്ചരയായപ്പോൾ കോടിമത ബോട്ട് ജെട്ടിയിൽ എത്തി. വിജ്ഞാനത്തോടൊപ്പം വിനോദവും( കായലിലൂടെയുള്ള യാത്ര തന്നെ വിനോദമല്ലേ ) കലർന്ന യാത്രയിൽ പ്രഭാതഭക്ഷണവും കൂടെ കിട്ടിയ പ്രകൃതിദത്തമായ ജ്യൂസും കരിമീൻ കൂട്ടിയുള്ള ഉച്ചയൂണും ഈ യാത്രയുടെ മാറ്റുകൂട്ടി. ഇതിന് സൗകര്യമൊരുക്കിയ Roots & Roads ന് നന്ദി
Lekha, College Professor(Retd)
ഈ ബോട്ട് യാത്ര എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു; സുഖകരമായ കാലാവസ്ഥയും യാത്രയുടെ ലാളിത്യവും ഇതിനെ മനോഹരമാക്കി. ഒട്ടും തിരക്കില്ലാത്ത ഒരു യാത്രയായിരുന്നു അത്. രാജു സാർ നൽകിയ വിവരണം അതിമനോഹരമായിരുന്നു; കുട്ടനാടിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചും മീനച്ചിലാറിന്റെ കൈവഴികളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി. Lekha teacher ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി എന്നതും എന്നെ ഇപ്പൊ അദ്ഭുതപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ചുള്ള രസകരമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഇതുപോലുള്ള one day tripil ഇനിയും പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇ യാത്രയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു.
Anju S Alex
പതിവ് പാക്കേജ് ടൂറുകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന യാത്രകൾ ... മണ്ണിനെയും പുഴകളെയും ചരിത്ര നിർമ്മിതകളെയും ആഴത്തിൽ അറിയുവാനുള്ള സഞ്ചാരങ്ങൾ... കാലപ്രവാഹത്തിൽ മറന്നുപോയതോ മറയ്ക്കപെട്ടുപോയതോ ആയ സത്യങ്ങളെ തുറന്നുകാട്ടുന്ന ഉദ്യമങ്ങൾ ... അതാണ് Roots & Roads... ശ്രീ രാജീവ് പള്ളിക്കോണത്തിനു മനംനിറയെ അനുമോദനങ്ങൾ !
Mathew James
2026 ജൂലൈ 16 ന് റൂട്ട്സ് ആൻഡ് റോഡ്സ് സംഘടിപ്പിച്ച വേമ്പനാട് കായൽ പഠനയാത്ര ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. വേമ്പനാട് കായലിന്റെ ഓരോ ഭാഗത്തെക്കുറിച്ചും പള്ളിക്കോണം രാജീവ് വിശദീകരിച്ച കാര്യങ്ങൾ ധാരാളം പുതിയ അറിവുകൾ നേടിത്തന്നു. കൂടാതെ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും വശങ്ങളിലൂടെയുള്ള യാത്ര മറക്കാനാവാത്തത് തന്നെയാണ്. ഒരു ബോട്ടിൽ, ഒരു കുടുംബം പോലെ യാത്ര ചെയ്ത എല്ലാവരുമായി പരിചയപ്പെടാനും സൗഹൃദം പങ്കുവയ്ക്കുവാനും സാധിച്ചു. വിജ്ഞാനവും കൗതുകവും ഉണർത്തുന്ന (മറ്റു ചിന്തകളെല്ലാം മാറ്റിനിർത്തി), ഈ 9 മണിക്കൂറോളം വരുന്ന യാത്ര എന്നും ഓർമ്മയിൽ ഉണ്ടാവും. ഉച്ചയൂണിന് ശേഷം അല്പം സംഗീതവും ആസ്വദിക്കാൻ സാധിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച റൂട്ട്സ് ആൻഡ് റോഡ്സിലെ എല്ലാ സംഘാടകരോടും പ്രത്യേകം നന്ദി പറയുന്നു.
Salex Jacob