Roots & Roads Heritage Tours
← Back
Lekha, College Professor(Retd)

Lekha, College Professor(Retd)

Vembanad Lake: An Inland Voyage

Roots & Roads ന്റെ ജൂലൈ പതിനാറിനുള്ള വേമ്പനാട്ട് കായൽ പഠനയാത്രയിൽ പങ്കെടുക്കുവാനുള്ള അവസരം എനിക്ക് കിട്ടി. വേമ്പനാട്ടുകായൽ എന്ന് പറയുമ്പോൾ നീലക്കൊടിവേലി ഒഴുകിയിരുന്ന മീനച്ചിലാറിന്റെ തീരത്ത് ജനിച്ചു വളർന്ന എനിക്ക് മീനച്ചിലാർ ഒഴുകി ചെല്ലുന്ന സ്ഥലം എന്നതാണ് മനസ്സിൽ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും കേരളത്തിലെ ഏറ്റവും വലിയ തടാകവും ഇതാണെന്ന് സ്കൂളിൽ പഠിച്ച ഓർമ്മ. ഇതായിരുന്നു എനിക്കറിയാവുന്ന വേമ്പനാട്ടുകായലിന്റെ ചരിത്രം. അതിലും ഒരുപാടൊരുപാടുണ്ടെന്ന് എന്ന് ഈ യാത്ര പഠിപ്പിച്ചു.

രാവിലെ എട്ടരയ്ക്ക് കോടിമതയിൽ നിന്ന് യാത്ര തുടങ്ങി. കായൽ, ചിറ കെട്ടി കൃഷിക്കായി നിലമാക്കിയത് രാജീവ് സാർ വിശദമായി തന്നെ പറഞ്ഞു തന്നു.എം സി റോഡിന് സമാന്തരമായി ജലത്തിലൂടെ യാത്ര ചെയ്ത് അന്ത്യശ്വാസം വലിക്കുന്ന ട്രാവൻകൂർ സിമന്റ്സും കണ്ട്‌ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും സംഗമസ്ഥാനവും കണ്ടു.പടിഞ്ഞാറൻ മേഖലയിൽ ഒരു കോട്ടയുണ്ടായിരുന്നെന്നും അതിൻറെ അവസാന ഭാഗത്ത് ഇപ്പോൾ നിലനിൽക്കുന്ന മുത്തൻ മുത്തി (ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന) പാറയും കണ്ടു. ഈ കോട്ട എനിക്ക് വളരെ ഒരു അത്ഭുതമായിരുന്നു. തിരുവായ്ക്കരിപ്പാടശേഖരത്തിന് നടുവിൽ ഒരു ദ്വീപ് ഉണ്ടെന്നും അവിടെ വലിയവീട്ടിൽ ക്ഷേത്രവും അതിലെ ഒറ്റമൂലച്ചിയുടെ ചരിത്രവും അറിഞ്ഞു. ഞങ്ങളുടെ ബോട്ടിന്റെ സാരഥിയായ അശോകൻ ചേട്ടന് ഈ ക്ഷേത്രത്തിനെ കുറിച്ച് പറഞ്ഞപ്പോൾ 100 നാവായിരുന്നു. മീനച്ചിലാറിന്റെ പതനസ്ഥലമായ പഴുക്കാനിലക്കായലും ദിവാനായ സർ മാധവ് റാവു നിർമ്മിച്ച മൻറോ വിളക്കുമരവും അതിൻറെ ചരിത്രവും അറിഞ്ഞു.16km നേരെ പടിഞ്ഞാറു ആലപ്പുഴ വിളക്കുമരവും ഉണ്ട്. പുളിങ്കുന്നിനടുത്തുള്ള പെരുമ്പറയൻ സ്മാരകം പഴയ ഒരു അന്ധവിശ്വാസത്തിന്റെ സ്മാരകമായി ഇന്നും പരിചരിക്കുന്നു. സമാനമായ ഒരു കഥയെ ആസ്പദമാക്കി തന്റെ സ്വന്തം കവിത ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മാത്യു ചിങ്ങവനം സർ ചൊല്ലുകയും ചെയ്തു.പ്രധാനപ്പെട്ട കായൽ നിലങ്ങളും കണ്ട് ചിത്തിരക്കായലിൽ കൃഷിക്കാർക്ക് വേണ്ടി മുരിക്കൻ നിർമ്മിച്ച പള്ളിയും കണ്ട് ( ഇവിടെ ആരാധന ഇല്ല എങ്കിലും മെഴുകുതിരി കത്തിയിരിക്കുന്നത് കണ്ടു) മീനച്ചിലാർ പുത്തൻതോട് സംഗമസ്ഥാനവും കണ്ട് തിരിച്ച് അഞ്ചരയായപ്പോൾ കോടിമത ബോട്ട് ജെട്ടിയിൽ എത്തി.

വിജ്ഞാനത്തോടൊപ്പം വിനോദവും( കായലിലൂടെയുള്ള യാത്ര തന്നെ വിനോദമല്ലേ ) കലർന്ന യാത്രയിൽ പ്രഭാതഭക്ഷണവും കൂടെ കിട്ടിയ പ്രകൃതിദത്തമായ ജ്യൂസും കരിമീൻ കൂട്ടിയുള്ള ഉച്ചയൂണും ഈ യാത്രയുടെ മാറ്റുകൂട്ടി. ഇതിന് സൗകര്യമൊരുക്കിയ Roots & Roads ന് നന്ദി