Roots & Roads Heritage Tours
← All Epilogues

Epilogue

മുസിരിസ്: ലോകത്തെ ബന്ധിപ്പിച്ച പ്രാചീന കേരളത്തിലെ തുറമുഖ നഗരം

By പള്ളിക്കോണം രാജീവ്

From Muziris Heritage Tour

കേരളമുൾപ്പെട്ട പ്രാചീന തമിഴകത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് മുസിരിസ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളിലുണ്ടായിരുന്ന തുറമുഖനഗരങ്ങൾക്കുള്ളത്. പ്രാചീനലോകത്തെ വിവിധ പ്രദേശങ്ങളുമായി കേരളത്തെ ബന്ധിപ്പിച്ചിരുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്നു മുസിരിസ്. നൂറ്റാണ്ടുകളോളം ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ട ഈ തുറമുഖം മലനാടിൻ്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരികചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ചു.

പെരിയാറിന്റെ അഴിമുഖത്തിനോട് ചേർന്നുള്ള പ്രദേശത്താണ് മുസിരിസ് നിലനിന്നിരുന്നതെന്ന് ചരിത്രകാരന്മാർ കരുതുന്നു. വടക്കൻ പറവൂരിന് പടിഞ്ഞാറുള്ള പട്ടണം എന്ന ഗ്രാമത്തിൽ പുരാവസ്തു ഗവേഷകരായ ഡോ. കെ.പി. ഷാജൻ, ഡോ. വി. ശെൽവകുമാർ എന്നിവർ നടത്തിയ ഉപരിതല പര്യവേക്ഷണത്തിലാണ് വിദേശ നിർമ്മിത മൺപാത്രക്കഷണങ്ങളുടെ സാന്നിധ്യം ഇവിടെ തിരിച്ചറിഞ്ഞത്. തുടർന്ന് കേരളചരിത്ര ഗവേഷണ കൗൺസിൽ നേതൃത്വം നൽകി നടത്തിയ ഉദ്ഖനനത്തിൽ നിന്ന് അപൂർവമായ നിരവധി പുരാവസ്തുക്കൾ കണ്ടെടുക്കപ്പെടുകയുണ്ടായി. ആഴത്തിലുണ്ടായ ഉദ്ഖനനത്തിലൂടെ ഓരോ തലത്തിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ ഈ പ്രദേശം ഏതൊക്കെ വിദേശനാടുകളുമായി സമ്പർക്കം പുലർത്തിയിരിക്കാം എന്നു തെളിയിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്താനായി. പ്രാചീന ഗ്രീക്കോ-റോമൻ കൃതികളിൽ പരാമർശിക്കുന്ന മുസിരിസ് തുറമുഖത്തിൻ്റെ ഒരു ഭാഗമാണ് പട്ടണവും എന്ന് തെളിയിക്കാൻ ഈ കണ്ടെത്തലുകൾ കൊണ്ടു സാധിച്ചു.

ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകൾ മുതൽ തന്നെ മുസിരിസ് അന്തർദേശീയ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ഗ്രീസ്, റോമൻ സാമ്രാജ്യം, മെസൊപ്പൊട്ടേമിയ, അറേബ്യ, ആഫ്രിക്ക, ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവയുമായി മുസിരിസ് സജീവമായ വ്യാപാരബന്ധം പുലർത്തിയിരുന്നു.മുസിരിസിന്റെ പ്രശസ്തി പ്രാചീന ലോകത്താകെ വ്യാപിച്ചിരുന്നു. ഗ്രീക്കോ-റോമൻ എഴുത്തുകാരായ സ്ട്രാബോ, പ്ലിനി ദി എൽഡർ, ക്ലോഡിയസ് ടോളമി എന്നിവരുടെ കൃതികളിൽ മുസിരിസിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ഒന്നാം നൂറ്റാണ്ടിൽ തന്നെ രചിക്കപ്പെട്ട കപ്പൽ യാത്രികരുടെ കൈപ്പുസ്തകമായ "പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ" എന്ന ഗ്രന്ഥത്തിലും മുസിരിസ് പ്രധാന തുറമുഖമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ജാത്ര കർതൃതമായ "പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ" എന്ന ഗ്രന്ഥത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ ദക്ഷിണഭാഗത്തെ തുറമുഖ ങ്ങൾ യഥാക്രമം തിണ്ടിസ്, മുസിരിസ്, ബെക്കരെ, നെൽക്കിണ്ട, ബലിത എന്നിങ്ങനെയാണ് കടന്നുവരുന്നത്. തിണ്ടിസ് മുതൽ മുസിരിസ് വരെ 500 സ്റ്റേഡിയ ദൂരവും മുസിരിസ് മുതൽ ബെക്കരെ വരെ 500 സ്റ്റേഡിയ ദൂരവും എന്നാണ് പരാമർശം. സ്റ്റേഡിയ പഴയ കാലത്ത് നാവികർ ദൂരമളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുകോലായിരുന്നു. തിണ്ടിസിൻ്റെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. 500 സ്റ്റേഡിയ ദൂരം ശരിയാണെങ്കിൽ മുനമ്പം അഴിമുഖത്തു നിന്നും 92 കിലോമീറ്റർ വടക്കായി കടലുണ്ടി പുഴയുടെ തെക്കൻ കൈവഴി അറബിക്കടലിൽ പതിച്ചിരുന്ന താനൂരിന് സമീപമായിരിക്കണം തിണ്ടിസ്. പിൽക്കാലത്ത് അഴിമുഖത്തിനുണ്ടായ മാറ്റങ്ങൾ കൊണ്ടാകാം ഈ തുറമുഖത്തിൻ്റെ പ്രസക്തി കുറഞ്ഞത്. പിൽക്കാലത്ത് ആ അല്പം കൂടി വടക്കുള്ള പന്തലായനി കൊല്ലം പ്രാധാന്യം നേടുകയും ചെയ്തു.

മുസിരിസിൽ നിന്ന് കൃത്യമായി 92 km (500 സ്റ്റേഡിയ) തെക്കാണ് ബെക്കരെ, ബരാക്കെ എന്നൊക്കെ അറിയപ്പെട്ട പുറക്കാട്. AD 1760 ൽ ആലപ്പുഴ തുറമുഖം സ്ഥാപിതമായതിനു ശേഷവും പുറക്കാട് കപ്പലടുത്തിരുന്നു. ദക്ഷിണേന്ത്യയുടെ തുറമുഖ ചരിത്രത്തിൽ ഏറ്റവും ദീർഘമായ കാലയളവിൽ നിലനിന്ന കേരളത്തിലെ തുറമുഖമാണ് പുറക്കാട്. മുസിരിസ് മുതൽ ബക്കരെ വരെയും കടൽ ഉള്ളിലേക്ക് കയറിക്കിടന്നിരുന്നു എന്നതിന് തെളിവുകൾ ഈ പ്രാചീനകൃതികളിൽ നിന്നു തന്നെ വെളിവാക്കപ്പെടുന്നുണ്ട്. ഈ രണ്ടു വലിയ തുറമുഖങ്ങൾക്കുമിടയിൽ പരാമർശിക്കുന്ന ഓഡോപെറൂറ, സെമ്നേ, കൊരൈയുർ എന്നിവയെല്ലാം വേമ്പനാട്ടുകായലിന് കിഴക്ക് പ്രധാന വൻകരയിലെ നദീമുഖങ്ങളിലാണെന്നതു തന്നെ ഇന്നത്തെ കരപ്പുറം (ചേർത്തല താലൂക്ക്) രൂപപ്പെട്ടിരുന്നില്ല എന്ന് ഉറപ്പാണ്.

ബക്കരെ ഉൾക്കടലും അറബിക്കടലും സന്ധിക്കുന്ന ഭാഗത്തെ മുനമ്പായിരിക്കണം. വൻകരയുടെ പുറത്തായി ഒറ്റപ്പെട്ടു കിടന്ന വനപ്രദേശമായ തുരുത്ത് ആയതിനാലാകാം പുറക്കാട് എന്ന് പേരു വന്നത്. പോർക്കെ എന്നാണ് കൊളോണിയൽ കാലത്തെ പരാമർശങ്ങൾ കാണുന്നതെങ്കിലും ബെക്കരെ എന്നതിന് ആധാരമായ വാക്ക് വയ്ക്കരൈ എന്നതാകാം. കടൽ വച്ചുണ്ടായ കര എന്നായിരിക്കാം പ്രാചീന തമിഴിൽ ഇതിനർത്ഥം. വലിയ കപ്പലുകൾ നങ്കൂരമിടാൻ കഴിയുന്ന മികച്ച സൗകര്യം പുറക്കാട് ഉണ്ടായിരുന്നു.

ബെക്കരെയിൽ നിന്ന് 120 സ്റ്റേഡിയ ഉള്ളിലേക്ക് ബാരിസ് നദിയിലൂടെ സഞ്ചരിച്ചാൽ നെൽക്കിണ്ട എന്ന ഉൾനാടൻ തുറമുഖത്ത് എത്തും. മണിമലയാറും പമ്പയും ഉൾക്കടലിൽ പതിക്കുന്ന വളഞ്ഞവട്ടത്തിനും നാക്കിടയ്ക്കും ഇടയ്ക്കായിരുന്നു ഈ തുറമുഖം. നാക്കിടയിൽ നിന്ന് പുറക്കാട്ടേയ്ക്ക് ഉൾക്കടലിലൂടെ ആഴം കൂടിയ കപ്പൽചാൽ ഉണ്ടായിരുന്നു. ഇതിനെയാണ് പ്ലിനി ബാരിസ് എന്നു വിശേഷിപ്പിച്ചത്. മുസിരിസ് തുറമുഖത്തിൽ കിട്ടുന്നതിനെ അപേക്ഷിച്ച് ഗുണമേന്മയുള്ള മികച്ച കുരുമുളക് ബെക്കരയിൽ കിട്ടുമെന്ന് അഭിപ്രായപ്പെടുന്നതിൽ നിന്ന് ഇവിടെ കുരുമുളക് എത്തിക്കുന്ന മീനച്ചിൽ - മണിമല- പമ്പ നദീതടങ്ങളിലെ ഇടനാട്ടിൽ വിളയുന്ന കുരുമുളകിനാണ് മേൽക്കൈ ഉണ്ടായിരുന്നത് എന്നു കരുതാം.

കേരളത്തിലെ കുരുമുളക് വ്യാപാരത്തെക്കുറിച്ചുള്ള സംഘകാല സാഹിത്യത്തിലെ സൂചനകളും ഈ തുറമുഖങ്ങളിൽ നിന്നെല്ലാം കയറ്റി അയച്ചിരുന്ന വിഭവങ്ങളിൽ കുരുമുളകിനുണ്ടായിരുന്ന പ്രാമുഖ്യം വ്യക്തമാക്കുന്നു. ബലിത എന്ന പേരിൽ ഈ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന വിളിന്തം എന്ന വിഴിഞ്ഞം തുറമുഖത്തിന് സമീപത്തു നിന്ന് ഈജിപ്തിലെ റാംസസ് രണ്ടാമൻ്റെ കാലത്തെ നാണയം ലഭിച്ചതും അദ്ദേഹത്തിൻ്റെ മമ്മിഫൈ ചെയ്ത ഭൗതികശരീരത്തിൽ മൂക്കിനുള്ളിൽനിന്ന് കുരുമുളക് മണികൾ കണ്ടെടുത്തതും കുരുമുളകിൻ്റെ ആഗോളപ്രാധാന്യം എടുത്തുകാട്ടുന്നു.

രസകരമായ മറ്റൊരു കാര്യം ഈജിപ്തിലെ റോമൻ തുറമുഖമായ ബെറണിക്കെ(Berenike) യിൽ നിന്നും കണ്ടെത്തിയ ഏകദേശം 7.5 കിലോഗ്രാം കുരുമുളക് റോമിന് മലബാർ തീരവുമായുണ്ടായിരുന്ന ബന്ധപ്പെട്ട വ്യാപാരത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. പട്ടണത്തിൽ കണ്ടെത്തിയ കുരുമുളക് അവശിഷ്ടങ്ങളും ബെറണിക്കെയിലെ കണ്ടെത്തലുകളും ചേർന്ന് നോക്കുമ്പോൾ, പ്രാചീന മുസിരിസ്–റോമൻ കുരുമുളക് വ്യാപാരത്തിന് ശക്തമായ ശാസ്ത്രീയപിന്തുണ ലഭിക്കുന്നു. മെഡിറ്ററേനിയൻ തീരത്തെ തുറമുഖമായ അലക്സാണ്ട്രിയയിലേക്ക് ചെങ്കടൽ തീരത്തെ ബെറണിക്കേയിൽ നിന്ന് കരമാർഗ്ഗമാണ് കുരുമുളക് എത്തിച്ചിരുന്നത്.

മുസിരിസിലെ കുരുമുളക് വ്യാപാരത്തിൻ്റെ പ്രത്യക്ഷ തെളിവായി തമിഴ് സംഘകൃതിയായ അകനാനൂറിൻ്റെ 149-ാം പാട്ടിൽ ഇങ്ങനെ കാണുന്നു:

சேரலர் சுள்ளியம் பேரியாற்று வெண்ணுரை கலங்க, யவனர் தந்த வினைமாண் நன்கலம், பொன்னொடு வந்து கறியொடு பெயரும் வளங்கெழு முசிறி.

ഇതിന്റെ ഏകദേശ മലയാള പരിഭാഷ:

"ചേരരുടെ നാട്ടിലെ ചുള്ളിയം പെരിയാറിന്റെ വെളുത്ത നുരകൾ കലങ്ങുന്ന സമ്പന്നമായ മുചിറിയിൽ, യവനരുടെ മികച്ച കപ്പലുകൾ സ്വർണവുമായി എത്തുകയും കുരുമുളകുമായി മടങ്ങുകയും ചെയ്യുന്നു. "

മുചിറി എന്ന വാക്കിൽ നിന്നാണ് ഗ്രീക്ക് ഭാഷ്യമായ മുസിരിസ് രൂപപ്പെട്ടത് എന്നത് വ്യക്തമാണ്. കൊടുങ്ങല്ലൂരിന് പിൽക്കാലത്ത് മുയിരിക്കോട് എന്നും വിളിച്ചിരുന്നതിൽ നിന്ന് ഈ വാക്കിൻ്റെ പ്രാധാന്യം മനസിലാക്കാം. ഇടയ്ക്കിടെ തരം പോലെ അഴിമുഖത്തിൻ്റെ രൂപം മാറ്റുന്ന സ്വഭാവം പ്രകൃതി മുസിരിസിന് നൽകിയിരുന്നതിനാൽ സ്യൂഡോസ്തോമോസ് എന്ന അപരനാമധേയം കൂടിയുണ്ടായിരുന്നു. പെരിയാർനദി വഴിമാറി ഒഴുകുന്നതിനാൽ തുറമുഖം "കടപവായ് “ ആയ് വിശേഷിപ്പിച്ചതാവണം. നടുവിൽ കടലിലേക്ക് തള്ളിനിൽക്കുന്ന തുരുത്ത് കാണപ്പെട്ടതിനാൽ നദിയുടെ വായ്ക്ക് മൂന്നു ചിറികൾ ( തമിഴിൽ ചുണ്ടുകൾ) ഉണ്ടായിരുന്നതിനാൽ മുചിറി ആയതാവാം. മുരചിപത്തനം എന്ന പരാമർശം വാത്മീകിരാമായണത്തിൽ കാണുന്നതു കൊണ്ട് മുരചി (കുരുമുളക് ) + പത്തനം (പട്ടണം) എന്നതിൽ നിന്നാണ് മുചിറി വന്നതെന്നും ചില അഭിപ്രായങ്ങളുണ്ട്.

ഒന്നാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറുടെ (ഒക്ടേവിയൻ) ഒരു ക്ഷേത്രം(Templum Augusti)മുസിരിസിൽ നിലനിന്നിരുന്നതായി സൂചിപ്പിക്കുന്ന ടാബുല പ്യൂട്ടിംഗേറിയാന (Tabula Peutingeriana) എന്ന ഒരു ഭൂപടം കൗതുകകരമാണ്. മുസിരിസിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഭൂപടം നാലാംനൂറ്റാണ്ടിലെ ഒരു റോമൻ മാതൃകയുടെ മധ്യകാല പകർപ്പാണ്. അതിൽ "Muziris" എന്ന പേരിനോട് ചേർന്ന് "Templ(um) Augusti" എന്ന കുറിപ്പോടുകൂടിയ ഒരു പ്രത്യേക ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാറിൻ്റെ തെക്കേ കരയിലാണ് റോമാക്കാരുടെ ഈ ആരാധനാലയം കാണപ്പെടുന്നത് എന്നതുകൊണ്ടും റോമൻ വ്യാപാരികളുടെ കോളനി തെക്കേ കരയിലെ പട്ടണത്തായിരുന്നു എന്ന് ഉദ്ഖനനത്തിലെ തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നതുകൊണ്ടും ഇവയെ കൂട്ടി വായനയ്ക്ക് വിധേയമാക്കാവുന്നതാണ്.

പട്ടണത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ നിന്ന് പെരിയാർ തടത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് മനുഷ്യവാസം ആരംഭിച്ചത് ക്രിസ്തുവിന് മുമ്പ് ഏകദേശം ആയിരം വർഷങ്ങൾക്കുമുമ്പാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മഹാശിലാസംസ്കാരം നിലനിന്ന ഇരുമ്പുയുഗത്തിന് സമാന്തരമായി ഇവിടുത്തെ തുറമുഖങ്ങളിൽ വാണിജ്യസംസ്‌കാരവും പുഷ്‌ടിപ്പെട്ടിരുന്നു എന്ന അത്ഭുതകരമായ അപൂർവ്വതയെയാണ് ഈ പഠനങ്ങൾ മുന്നോട്ടു വച്ചത്. ക്രിസ്തുവിന് മുമ്പുള്ള ഒന്നാം നൂറ്റാണ്ട് മുതൽ ക്രിസ്തുവിന് ശേഷമുള്ള അഞ്ചാം നൂറ്റാണ്ട് വരെ ഈ പ്രദേശം വ്യാപാരത്തിന്റെ ഉച്ചസ്ഥിതിയിലായിരുന്നു എന്നതിനുള്ള തെളിവുകളാണ് ലഭ്യമായത്. ഖനനപ്രവർത്തനങ്ങളിൽനിന്ന് ആയിരക്കണക്കിന് പുരാവസ്തുക്കൾ കണ്ടെത്തി. നാണയങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, ലോഹവസ്തുക്കൾ, ഗ്ലാസ് മുത്തുകൾ, കൽമുത്തുകൾ, ആഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ, വിവിധതരം മൺപാത്രങ്ങൾ എന്നിവ അവയിൽ ഉൾപ്പെടുന്നു. ഈ കണ്ടെത്തലുകളിൽ നിന്ന് മുസിരിസ് വികസിതമായ നഗരസംസ്കാരം നിലനിന്നിരുന്ന ഒരു വലിയ വ്യാപാരകേന്ദ്രമായിരുന്നുവെന്ന് വ്യക്തമാകുന്നു.

മുസിരിസിൽ നിന്ന് ലഭിച്ച വിദേശ മൺപാത്രങ്ങളാണ് ഖനനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്ന്. റോമൻ ലോകവുമായി ബന്ധപ്പെട്ട ആംഫോറ പാത്രങ്ങളുടെ ആയിരക്കണക്കിന് കഷണങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വീഞ്ഞ്, ഒലിവ് എണ്ണ, മത്സ്യസോസ് എന്നിവ സൂക്ഷിക്കാനും കടൽമാർഗം കൊണ്ടുപോകാനുമാണ് ഈ പാത്രങ്ങൾ ഉപയോഗിച്ചിരുന്നത്.ഈ ആംഫോറ പാത്രങ്ങളിൽ ചിലത് ഗ്രീസിലെ കോസ് ദ്വീപിൽ നിന്നും റോഡ്സ് ദ്വീപിൽ നിന്നും, തെക്കൻ ഇറ്റലിയിലെ കാമ്പാനിയയിൽ നിന്നും, ഇന്നത്തെ തുർക്കി-സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയവയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്പെയിൻ, ഫ്രാൻസ്, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പാത്രങ്ങളുടെ അവശിഷ്ടങ്ങളും പട്ടണത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിലൂടെ മുസിരിസ് മെഡിറ്ററേനിയൻ പ്രദേശവുമായി നേരിട്ടുള്ള ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമാകുന്നു.

ഇറ്റലിയിൽ നിർമ്മിച്ചിരുന്ന ടെറ സിഗില്ലാറ്റ എന്ന പ്രത്യേകതയുള്ള ചുവന്ന മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. അതീവമിനുസമുള്ള ഈ പാത്രങ്ങൾ സമ്പന്നരും ഉയർന്ന സാമൂഹികപദവിയുള്ളവരും ഉപയോഗിച്ചിരുന്നവയാണ്. അതിനാൽ മുസിരിസിൽ സമ്പന്നരായ വ്യക്തികൾ താമസമുറപ്പിച്ചിരുന്നു എന്നു കരുതാം. ഒരുപക്ഷേ ചേരൻമാരുടെ പ്രധാന തുറമുഖം എന്ന രാജകീയമായ പ്രാധാന്യമാകാം ഇത്തരം ആഡംബര വസ്തുക്കൾ ഇവിടെനിന്നും ലഭ്യമാകാൻ ഇടയാക്കിയത് എന്നും കരുതാം.

ഗ്രീക്ക് ലോകത്തിന്റെ സ്വാധീനവും മുസിരിസിൽ വ്യക്തമായി കാണാം. ഗ്രീക്ക് ദ്വീപുകളിൽ നിർമ്മിച്ച പാത്രങ്ങളുടെ സാന്നിധ്യം ഗ്രീക്ക് വ്യാപാരികളും കപ്പലുകളും കേരളതീരത്ത് എത്തിയിരുന്നതിന്റെ തെളിവാണ്. മെസൊപ്പൊട്ടേമിയയുമായും പശ്ചിമേഷ്യയുമായും ഉണ്ടായിരുന്ന ബന്ധം തെളിയിക്കുന്ന നിരവധി വസ്തുക്കളും പട്ടണത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ടർക്കോയിസ് ഗ്ലേസ്ഡ് പോട്ടറി എന്നറിയപ്പെടുന്ന പച്ചയും നീലയും നിറമുള്ള മൺപാത്രങ്ങൾ മെസൊപ്പൊട്ടേമിയയിലോ ഇറാൻ പ്രദേശങ്ങളിലോ നിർമ്മിക്കപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകളായി പശ്ചിമേഷ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളാണ് ഇവ. പശ്ചിമേഷ്യയിൽ നിന്നുള്ള ടോർപിഡോ ജാറുകളും പട്ടണത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബിറ്റുമിൻ പൂശിയിരുന്ന ഈ സംഭരണപാത്രങ്ങൾ ദീർഘദൂര കടൽയാത്രകൾക്കായി ഉപയോഗിച്ചിരുന്നവയാണ്. അവയിൽ എന്താണ് കൊണ്ടുവന്നിരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുസിരിസും മെസൊപ്പൊട്ടേമിയയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന തെളിവായാണ് ഇവയെ കണക്കാക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളുമായുള്ള ബന്ധവും പട്ടണം വ്യക്തമാക്കുന്നു. റൗളെറ്റഡ് വെയർ എന്ന പ്രത്യേക ഇന്ത്യൻ മൺപാത്രങ്ങളുടെ വലിയ ശേഖരം ഇവിടെനിന്ന് കണ്ടെത്തി. ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളുമായും ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളുമായും മുസിരിസിന് ശക്തമായ വ്യാപാരബന്ധം ഉണ്ടായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

പട്ടണത്തിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയാൻ കഴിയാത്ത ആയിരക്കണക്കിന് വിദേശ മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും പഠനവിധേയമാണ്. ഭാവിയിൽ ഇവ മുസിരിസിന്റെ വ്യാപാരബന്ധങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വിദേശവസ്തുക്കളെക്കാൾ വളരെ വലിയ അളവിൽ പ്രാദേശികമായി നിർമ്മിച്ച മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഖനനത്തിൽ ലഭിച്ചത്. ഇന്ത്യൻ നിർമ്മിതമായ മൺപാത്രങ്ങൾ കുരുമുളകോ മറ്റു വിഭവങ്ങളോ കയറ്റി അയച്ചിരുന്നതിനായി ഉപയോഗിച്ചിരിക്കാം അഥവാ അത്തരം മൺപാത്രങ്ങൾക്ക് തന്നെ വിദേശത്ത് ആവശ്യക്കാരുണ്ടായിരിക്കാം. പട്ടണത്തിൽ നിന്ന് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിൽ ഒന്നാണ് തുറമുഖവുമായി ബന്ധപ്പെട്ട ചുമട്ടുതുറയുടെ അവശിഷ്ടങ്ങളാണ്. സാധനങ്ങൾ കയറ്റാനും ഇറക്കാനുമുള്ള സംവിധാനമായ ഇവിടെ വലിയ ഇഷ്ടികനിർമ്മിതികളും സംഭരണസൗകര്യങ്ങളും കണ്ടെടുത്തു. ഈ ചുമട്ടുതുറയ്ക്ക് സമീപത്തുനിന്ന് ആഞ്ഞിലിമരത്തിൽ നിർമ്മിച്ച പുരാതനമായ ഒരു തോണിയുടെ അടിപ്പലകയും കണ്ടെത്തിയിരുന്നു. കേരളത്തിൽ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ജലഗതാഗത ഉപകരണങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. പുരാതന കേരളത്തിന്റെ ജലഗതാഗത പാരമ്പര്യത്തിന് ഇത് ശക്തമായ തെളിവാണ്.

ചുമട്ടുതുറയുടെ സമീപത്തുനിന്ന് കണ്ടെത്തിയ മരത്തൂണുകളും കെട്ടിടാവശിഷ്ടങ്ങളും തുറമുഖ പ്രവർത്തനങ്ങൾ ക്രമബദ്ധമായി നടന്നിരുന്നതായി സൂചിപ്പിക്കുന്നു. മണ്ണിനടിയിൽ സംരക്ഷിക്കപ്പെട്ട നിലയിൽ നിരവധി സസ്യാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുരുമുളക്, ഏലം, അരി, ഗോതമ്പ്, പയർവർഗങ്ങൾ, തേങ്ങ, അടയ്ക്ക, മാമ്പഴക്കുരു, നെല്ലിക്ക തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ലഭിച്ചു.

ആഭരണനിർമ്മാണം, ലോഹസംസ്കരണം, കൽമുത്ത് നിർമ്മാണം, മൺപാത്ര നിർമാണം തുടങ്ങിയ വ്യവസായപ്രവർത്തനങ്ങളുടെ തെളിവുകളും പട്ടണത്തിൽനിന്ന് ലഭിച്ചു. ബ്രാഹ്മി ലിപി രേഖപ്പെടുത്തിയ മൺപാത്രക്കഷണം, ജൈനമതവുമായി ബന്ധപ്പെട്ട സൂചനകൾ, ബൗദ്ധ വ്യാപാരികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകൾ എന്നിവ മുസിരിസിന്റെ ബഹുസാംസ്കാരിക സ്വഭാവം വ്യക്തമാക്കുന്നു. വിവിധ മതങ്ങളും സംസ്കാരങ്ങളും സഹവസിച്ചിരുന്ന തുറന്ന സമൂഹമായിരുന്നു ഈ പ്രദേശമെന്ന് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു. പട്ടണം കണ്ടെത്തപ്പെടുന്നതിന് മുമ്പ് കേരളത്തിന്റെ പ്രാചീന സമുദ്രവ്യാപാരത്തെക്കുറിച്ചുള്ള ഭൗതിക തെളിവുകൾ വളരെ കുറവായിരുന്നു. എന്നാൽ ഈ ഖനനങ്ങൾ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ധാരണകളെ തന്നെ മാറ്റിമറിച്ചു.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രാചീനലോകത്തിന്റെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായിരുന്നു അത്തരത്തിൽ മുസിരിസ്. അഞ്ചാം നൂറ്റാണ്ടോടു കൂടി റോമാസാമ്രാജ്യത്തിനുണ്ടായ തകർച്ച ലോകക്രമത്തെ തന്നെ ബാധിച്ചു. സമുദ്രാന്തരവാണിജ്യത്തെ പൊതുവേ ഇത് ദോഷകരമായി ബാധിച്ചിരിക്കാം. കൂടാതെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്ന പ്രകൃതിക്ഷോഭങ്ങൾ തുറമുഖത്തിൻ്റെ സൗകര്യങ്ങൾ നഷ്‌ടപ്പെടുത്തിയിരിക്കാം. പിൽക്കാലത്തെ പ്രാഥമിക സ്രോതസ്സുകളിലൊന്നും മുസിരിസ് എന്ന തുറമുഖത്തെ കുറിച്ചുള്ള പരാമർശങ്ങൾ കാണപ്പെടുകയുണ്ടായിട്ടില്ല. എന്നാൽ മുയിരിക്കോട് എന്ന സ്ഥലനാമം നിലനിന്നു. അഞ്ചാം നൂറ്റാണ്ടിന് ശേഷം വാണിജ്യപരമായ പ്രാധാന്യം മുസിരിസിന് ഉണ്ടായിരുന്നതായി ഒരു തെളിവും ലഭ്യമല്ല. എന്നാൽ ഒമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ കൊടുങ്ങല്ലൂരിൽ തന്നെ മഹോദയപുരമെന്ന പേരിൽ പെരുമാൾ വാഴ്ചയ്ക്ക് തുടക്കം കുറിക്കുന്നതോടെയാണ് കേരളത്തിലെ പതിനെട്ടു നാടുകളുടെയും മേൽക്കോയ്മ സ്ഥാനം എന്ന നിലയിൽ കുലശേഖരൻമാരുടെ രാജധാനി സ്ഥാപിതമാകുന്നത്. പിൽക്കാലത്ത് അറബികളും ചൈനക്കാരും യഹൂദരും കൊടുങ്ങല്ലൂരിൽ വ്യാപാരി സമൂഹമായി കുടിയേറി. കൂടാതെ മണിഗ്രാമക്കാരായ നസ്രാണി വർത്തകർ ഉൾനാടൻ അങ്ങാടികളിലും സജീവമായി. കോട്ടപ്പുറത്ത് ക്നാനായ ക്രൈസ്തവർ കുടിയേറിപ്പാർത്തതോടെ പെരിയാറിൻ്റെ വടക്കേ കരയിൽ ഒരു വലിയ വാണിജ്യകേന്ദ്രം ഉയർന്നുവന്നു. 1528 ൽ സാമൂതിരിയുടെ കൊച്ചി അക്രമണകാലത്ത് യമനിമൂറുകൾ കൊടുങ്ങല്ലൂർ ആക്രമിച്ച് ഈ വ്യാപാരകേന്ദ്രത്തിന് തീയിട്ടപ്പോൾ യഹൂദരും ക്നാനായക്കാരും കൊടുങ്ങല്ലൂരിൽ നിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്തു. യഹൂദർ തുടർന്ന് ചേന്ദമംഗലത്തും മാളയിലും പറവൂരിലും കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചു. തകർക്കപ്പെട്ട കൊടുങ്ങല്ലൂർ അങ്ങാടിയുടെ സ്ഥാനത്താണ് പോർച്ചുഗീസുകാർ പിന്നീട് കോട്ട കെട്ടിയത്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അന്ത്യപാദത്തിൽ കൊച്ചിരാജാവായ ശക്തൻ തമ്പുരാൻ കോട്ടപ്പുറം ചന്ത സ്ഥാപിക്കുന്നതോടെയാണ് വ്യാപാരരംഗത്ത് നഷ്‌ടമായ പ്രതാപം അല്പമെങ്കിലും തിരിച്ചു പിടിക്കാനായത്. അരിവ്യാപാരത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കോട്ടപ്പുറം ചന്തയും നാണ്യവിളകൾക്ക് പ്രാമുഖ്യമുള്ള വടക്കൻ പറവൂർ ചന്തയും കാലത്തെ അതിജീവിച്ച് മുസിരിസിൻ്റെ വാണിജ്യചരിത്രത്തിൻ്റെ വർത്തമാനസാക്ഷ്യമായി ഇന്നും നിലനിൽക്കുന്നു.